Thursday 5 June 2014

ഉയരേണ്ടത് സമുദ്രനിരപ്പല്ല, നമ്മുടെ ശബ്ദമാണ്

ഭൂമി അതിന്റെ ഏറ്റവും വിനാശകരമായ ഒരു കാലത്തിലൂടെയാണ് കടന്നു പോയികോണ്ടിരിക്കുന്നത്പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”

ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.ഒട്ടനവധി ദിനങ്ങള്‍ക്കിടയില്‍ ഇതാ ഈ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി വീണ്ടുമെത്തുന്നു.  ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം 'നിങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തേണ്ടത് : സമുദ്രനിരപ്പല്ല'  എന്നാണ്. ഭയപ്പെടുത്തുന്ന തരത്തില്‍ പ്രകൃതി മാറികൊണ്ടിരിക്കുന്നുആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്,    ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല, തീര പ്രദേശങ്ങളും ചെറു ദ്വീപുകളും എന്നും കടലിനടിയിലാകാം എന്ന അവസ്ഥയില്‍ ഈ മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ട്. എന്നാല്‍ ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ വികസന ഭീകരതയെ സ്വീകരിച്ച് പ്രകൃതിയെ അമിത ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്ഹരിത ഗൃഹ വാതകങ്ങളുടെ അമിത ഉപയോഗം ഉണ്ടാക്കിയ ആഗോള താപനം എന്ന പ്രതിഭാസത്തെ ഇനിയെങ്ങനെ നേരിടാനാകു മെന്നാണ് വളരെ വൈകി യാണെങ്കിലും യു. എന്‍. ചിന്തിച്ചു തുടങ്ങിരിക്കുന്നു.

ഭൂമുഖത്തു നിന്നും ആദ്യം അപ്രത്യക്ഷം ആകാന്‍ ഇടയുള്ള നൌമിയ എന്ന ചെറു ദ്വീപിനെ പറ്റി  നാം ഏറെ ചര്ച്ച ചെയ്തിട്ടുള്ളതാണ് 
ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല

പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലഖളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, കാലാവസ്ഥയുടെ ചെറു മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ചെറു ദ്വീപുകള്‍ക്ക് ഇത് വന്‍ ഭീഷണിയാണ്. തുവാലു, മാലി ദ്വീപ്, ലക്ഷ ദ്വീപ്, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകല്‍ തിടങ്ങിയ ദ്വീപുകളും ജപ്പാന്‍, തായ്‌വാന്‍, ശ്രീലങ്ക, ഇന്ത്യ, മ്യാന്മാര്‍, വിയറ്റ്നാം, ബഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും, ലണ്ടന്‍, ന്യൂയോര്‍ക്ക്, മുംബൈ, ഹോങ്കോംഗ്, ടോകിയോ, സിംഗപൂര്‍, കൊല്‍കൊത്ത തുടങ്ങിയ നിരവധി മഹാ നഗരങ്ങളുടെയും ഭാവി തുലാസിലാണ്. നാല്പതോളം രാജ്യങ്ങള്‍ക്ക് കനത്ത നാശം വരുത്തി വെക്കുന്ന ആഗോള താപന വര്‍ദ്ധനവു മൂലം നിലവിലെ ഒട്ടുമിക്ക പ്രദേശങ്ങളും മരുഭൂമിയായി മാറിയാലും അത്ഭുതപ്പെടാനില്ല
ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ കാലാവസ്ഥ യിലുണ്ടായ മാറ്റത്തിന്റെ ഫലമായി കടല്‍ നിരപ്പ് 10-25 സെന്റീമീറ്റര്‍ വരെ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി വരുന്ന പത്ത് വര്‍ഷം ഇത് ഇരട്ടിയിലധികം ആകുമെന്ന് പറയുമ്പോള്‍ മേല്‍ പറഞ്ഞ രാജ്യങ്ങളുടെ ഭാവി എന്തായിരിക്കും?
ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു. 

ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍, വായു മലിനീകരണ ത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാഷമാകുന്നതോടെ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യും.
അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും.
ഭൂമി മാത്രമല്ല ശ്യൂന്യാകാശവും കൃത്രിമ ഉപഗ്രഹങ്ങളാല്‍ ബഹിരാകാശം നിറഞ്ഞു കഴിഞ്ഞു. ഇവ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നു. ബഹിരാകാശ മലിനീകരണം ഇനിയും വേണ്ട വിധത്തില്‍ നാം ശ്രദ്ധിക്കാതെ വിടുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും, കര മലിനമാക്കപ്പെടുന്നതോടൊപ്പം കടലും അമിതമായ മലിനീകരണ ഭീഷണി നേരിടുന്നു, കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക. നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യ സമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും,
കടുത്ത ജല ദൌര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്. “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ – ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ വികസനം ജീവിക്കാനുള്ള ഈ ജീവന്റെ ഗ്രഹത്തിനു ഭീശനിയാണെങ്കില്‍ എന്തിന് നാം ഈ നയങ്ങളുമായി മുന്നോട്ട് പോകണം പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഈ ദിനം  ഓര്‍മപ്പെടുത്തുന്നത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും.

വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കില്‍ മാത്രമേ  ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയൂ. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്‍െറ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. അതിനാല്‍ ഉയരേണ്ടത്സമുദ്ര നിരപ്പല്ല നമ്മുടെ ശബ്ദമാണ്,  നിരവധി ദിനങ്ങള്‍ക്കിടയില്‍  പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറാതെ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഇന്നെങ്കിലും ഈ   ഓര്‍മ്മകള്‍ നമ്മളില്‍ ഉണ്ടാകട്ടെ .

No comments:

Post a Comment