Sunday 7 April 2013

സിനാൻ എന്ന വേദന

കവിത
 
 


 നിന്റെ പ്ലാനും പ്ലാൻന്റെഷനും
എനിക്കറിയില്ല
പക്ഷെ
വേദന
എങ്ങിനെയെന്നും
എന്താണെന്നും
ചിലപ്പോൾ
നിങ്ങളെക്കാളേറെ
എനിക്കറിയാം

മരണത്തെ
കുറിച്ചും എനിക്കറിയില്ല

എന്നാൽ
മരണമുഖത്ത്
നിൽക്കുമ്പോൾ
എന്തെല്ലാമെന്നും
എനിക്കറിയാം

നിങ്ങളുടെ അത്ര
ജീവിക്കാൻ
എനിക്കായില്ലായിരിക്കാം

പക്ഷേ
നിങ്ങളെക്കാൾ
വേഗത്തിൽ
ഞാൻ ജീവിതത്തെ
കൊണ്ടറിഞ്ഞു

അമ്മിഞ്ഞപ്പാലിന്
കൈപ്പാണെന്നുപറഞ്ഞാൽ
നിങ്ങൾ സമ്മതിക്കുമോ?


എന്റെ അമ്മിഞ്ഞപ്പാലിൽ
നിന്നും ആരാണ്
മാധുര്യം വലിച്ചൂറ്റി
അതിൽ കൈപ്പ് കലര്ത്തിയത്?
നിങ്ങളാണോ?

അമ്മിഞ്ഞപ്പാലിനേക്കാൾ
ഞാൻ കുടിച്ചത്
അമ്മയുടെ കണ്ണീരാണ്
നിങ്ങളോ?

കരയാനറിയാത്ത
വേദനയെ
നിങ്ങള്ക്കറിയാമോ?


ഞാനിങ്ങനെ
ചോദിച്ചിട്ടൊന്നും
കാര്യമില്ലെന്ന് അറിയാം

എന്നാലും
എന്നെ മറവു ചെയ്ത
കബറിന് മുകളിൽ
മുളച്ച
ചെടി വളരുന്നത്
നിങ്ങൾ വെള്ളമൊഴിച്ചിട്ടല്ല
എന്റെ അമ്മയുടെ
കണ്ണീരാണ്

ഞാനിവിടെ എത്തിയപ്പോൾ
ഇങ്ങനെ
ഒരു കാടു കണ്ടു
ഒന്നും
വെള്ളമൊഴിച്ചതല്ല
എല്ലാം കണ്ണീരുകൊണ്ട്
വളർന്നത്‌ തന്നെ

====================


ണ്ണുണ്ടായിട്ടും കാണാത്ത ലോകത്തിന് ഇതാ ഒരു വിയോഗ വാർത്ത‍ കൂടി

കണ്ണേ മടങ്ങുക സിനാനെ ഒരായിരം മാപ്പ്. ഈ ഭൂമിയെ, മണ്ണിനെ, വായുവിനെ വിഷമയമാക്കി നിന്നെ പോലെ ഒരായിരം കുഞ്ഞിങ്ങളെ ഇല്ലതാകിയ കാലത്തു ജീവിച്ചതിന്, കൊല്ലങ്ങളായി ഇത് കണ്ടു നിന്നതിന്, മരിച്ചവരോട് അസൂയ തോന്നുന്ന വിധം സാഹചര്യം ഉണ്ടാക്കിയതിന്, എല്ലാത്തിനും മാപ്പ്.... കണ്ണീർ ചാലിച്ച ആദരാഞ്ജലികൾ

(സര്‍ക്കാരിന്റെ വൈകിവന്ന സഹായവാഗ്ദാനത്തിന് സിനാന്‍ കാത്തുനിന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരയായി മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ഏഴു മാസക്കാരന്‍ കുഞ്ഞ് സിനാന്‍ ദുരിതം മാത്രം സമ്മാനിച്ച ലോകത്തോട്  കാഞ്ഞങ്ങാട്ട് അമ്പലത്തറ സലാവുദ്ദീന്റെയും ഫാത്തിമയുടെയും ഏഴു മാസം മാത്രം പ്രായമുള്ള മകന്‍ മുഹമ്മദ് സിനാന്‍ വിടപറഞ്ഞു.)

 

No comments:

Post a Comment