Sunday, 4 March 2018

ഒരു മഴയിൽ മുങ്ങുകയും ഒരു വെയിലിൽ വരളുകയും ചെയ്യുന്ന കേരളം


ലേഖനം : പരിസ്ഥിതി“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”കൊന്ന പ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്. ഇക്കാര്യങ്ങൾ നിരന്തരം പറഞ്ഞു കൊണ്ടിരുന്നിട്ടും നാം പഠിച്ചോ എന്നത് സംശയമാണ്. ജലത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രകൃതിയെ പരിഗണിക്കുന്ന കാര്യത്തിൽ നമ്മുടെ പ്രബുദ്ധതയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്നു തോന്നുന്നു. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”
ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു ദൈവത്തിന്റെ  സ്വന്തം നാടെന്നു നാം പറയുകയും എന്നാൽ ദൈവം പോലും നാണിച്ചു പോകുന്നത് തരത്തിൽ പ്രവർത്തികൾ തുടരുകയും ചെയ്യുന്നു.  16 കിലോമീറ്റർ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതൽ 244 കിലോമീറ്റർ നീളമുള്ള പെരിയാർ വരെ 44 നദികളുടെ ഈ ഭൂമിയിൽ കടുത്ത ജലക്ഷാമം നേരിടുന്നു എങ്കിൽ നമുക്കെവിടെയോ പിഴച്ചിട്ടുണ്ട് ഒരു മഴയിൽ നാം മുങ്ങുകയും ഒരു വെയിലിൽ വരളുകയും ചെയ്യുന്നു എങ്കിൽ നമ്മുടെ ആസൂത്രണം എങ്ങിനെ പിഴച്ചതെന്നു  ഇനിയെങ്കിലും നാം ചിന്തിക്കണം.  
ഗാരി എസ് ഹാര്‍ട്ട് ഷോണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്, ” ഈ ദശാബ്ദം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്, എന്ത് കൊണ്ടെന്നാല്‍ പുതിയ നൂറ്റാണ്ടിലേക്കുള്ള ശാസ്ത്രീയവും സാമൂഹികവും രാഷ്ടീയവുമായ കാര്യ പരിപാടികള്‍ മുന്നോട്ടു വെക്കേണ്ട സമയമാണിത്‌. ദേശീയവും ദേശാന്തരീയവുമായ നയപരിപാടികളുടെ ഭാഗമായി പരിസ്ഥിതിയെ സംബന്ധിച്ചതും വിഭവങ്ങളുടെ ലഭ്യത, നിലനില്‍പ്പ് എന്നിവയെ സംബന്ധിച്ചതുമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സന്നദ്ധ സംഘടന കള്‍ക്കും പുരോഗമന, സാമൂഹ്യ, പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.” ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എത്ര രാജ്യതലവന്മാര്‍ മുഖവിലക്കെടുത്തു എന്ന് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം. 

കേരളം എന്നും ഇതൊക്കെ നിരന്തരം സെമിനാറുകളിൽ മാത്രം ഉരുവിടുകയും പ്രവർത്തന രംഗത്ത് ക്വാറി, മണൽ, ഭൂമി, തുടങ്ങിയ നാമത്തിൽ വാഴുന്ന മാഫിയകൾ നമ്മുടെ പ്രകൃതി വിഭവങ്ങൾ യഥേഷ്ടം കൈകാര്യം ചെയ്യുന്ന അവസ്തയും ഉണ്ട്, കൂടാതെ വികസനത്തിൽ ആസൂത്രണം ഇല്ലായ്മ മൂലം പ്രാദേശിക തലത്തിൽ പാരിസ്ഥിതികമായ ഒട്ടേറെ നാശങ്ങൾ ചെറുതാണ് എങ്കിൽ പോലും കേരളത്തിന്റെ പ്രകൃതിയെ മാറ്റി മറിക്കുന്ന തരത്തിൽ  രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നാട്ടിൻപുറങ്ങളിൽ നടത്തിയ ആസൂത്രണമായില്ലാത്ത വികസന പ്രവർത്തനങ്ങൾ ആണെന്ന് മനസിലാക്കാം കേരളം ഇന്ന് കാസര് കോഡ് മുതൽ തിരുവനന്തപുരം വരെ ഒരു ചെറു പട്ടണം ആണെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. ആ തരത്തിൽ ആണ് നമ്മുടെ വികസനം മുന്നേറുന്നത് എന്നാൽ ഈ കാഴചപ്പാടിൽ എവിടെയും പ്രകൃതിയും കുടിവെള്ളവും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് സങ്കടകരം. തദ്ദേഹ സ്വയം ഭരണ സ്ഥാപനങ്ങൾക്കു അധികാരം കൈവന്നപ്പോൾ നാം നടത്തിയ പ്രധാന വികസനം എല്ലാ തോടുകളും റോഡുകളാക്കി മാറ്റി എന്നതാണ് ജല മാർഗങ്ങളെ ഇല്ലാതാക്കിയത് ജലക്ഷാമത്തിനോക്കാം മഴക്കാലത്തു വെള്ളപൊക്കം ഉണ്ടാകുന്ന അവസ്ഥയ്ക്ക് കാരണമായി കായൽ നിലങ്ങൾ മണ്ണിട്ട് നികത്തിയും കുന്നുകൾ ഇടിച്ചു നിർത്തുന്നതും സർവ്വ സാധാരണയായപ്പോൾ വേലാതെ സ്പോഞ്ചുപോലെ സൂക്ഷിക്കുന്ന കുന്നുകൾ പ്രകൃതിക്കു നൽകുന്ന വലിയ സംഭാവന നാം ഓർത്തതേയില്ല ആ മാന് കൊണ്ടിട്ടു നികത്തിയ തണ്ണീർത്തടങ്ങൾ ലക്ഷക്കണക്കിന് ലിറ്റർ ജലം സംഭരിക്കുന്ന ഇടമാണെന്നു നാം ഇന്നും ഓർക്കുന്നില്ല.  


കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്. വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാ നഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയ രൂപീകരണത്തില്‍ എവിടെയും കാണുന്നില്ല.
അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്.
എക്സ്പ്രസ് ഹൈവേ,  കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തൽ  ഇങ്ങനെ  തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടു കൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും.

നിങ്ങള്‍ വെള്ളം പാഴാക്കി കളയുന്നവരാണെങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കുക! ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പു വെള്ളമാ‍ണ്. മൂന്ന് ശതമാനം മാത്രമെ ശുദ്ധ ജലമായി നിലവിലുള്ളൂ. ഇതിന്റെ തന്നെ 97.5 ശതമാനവും ഖര രൂപത്തിലുള്ള ഹിമ പാളികളാണ്. ബാക്കി വരുന്ന ശുദ്ധ ജലത്തിന്റെ ബഹു ഭൂരിപക്ഷവും മനുഷ്യന് എത്താനാവാത്ത അത്ര ആഴത്തിലുള്ള ഭൂഗര്‍ഭ ജലമാണ്. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തില്‍ നൂറിലൊരു അംശം മാത്രമേ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമുഖത്തുള്ളൂ…

നാം അനാവശ്യമായി കളയുന്ന വെള്ളം എത്ര അമൂല്യമാണെന്ന് ഓര്‍ത്തു നോക്കൂ…
ഒന്നു ശ്രമിച്ചാല്‍ വെറുതെ പാഴാക്കി കളയുന്ന വെള്ളത്തിന്റെ അളവ് എത്രയെന്ന് വളരെ അനായാസമായി നിങ്ങള്‍ക്കും കണ്ടെത്തി അത് കുറയ്ക്കാന്‍ കഴിയും. ഉദാഹരണത്തിന് ദിവസവും രാവിലെ നിങ്ങള്‍ പല്ലു തേയ്ക്കുമ്പോള്‍ തുറന്നിട്ട പൈപ്പ് നിറുത്താറുണ്ടോ? ഇല്ലെങ്കില്‍ ഈ കണക്കു കൂടി അറിയുക . ഈ സമയത്തിനുള്ളില്‍ കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും നിങ്ങള്‍ വെറുതെ പാഴാക്കി കളയുന്നുണ്ട്. ഇത് ഒരു ഫ്ലാറ്റിലെ എല്ലാവരും ചെയ്താലോ‍? അങ്ങനെ ഒരു ബില്‍ഡിങ്ങിലെ കണക്കു നോക്കിയലോ? ഇങ്ങനെ നാം ശ്രദ്ധിക്കാതെ എത്ര ജലം വെറുതെ പാഴാക്കി കളയുന്നു എന്ന് നാം ഓരോരുത്തരും ചിന്തിച്ചു നോക്കൂ…


ഭൂമിയില്‍ ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയാണ്. വരും കാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാ‍കുമെന്ന പ്രവചനത്തെ നമുക്ക് തള്ളി കളയാനാകുമോ? കമ്പോളത്തിലെ കച്ചവട മൂല്യമുള്ള ഒന്നായി വെള്ളം മാറിക്കഴിഞ്ഞു. ഇതിനിടയിലും പ്രതിവര്‍ഷം 25 ലക്ഷം പേര്‍ ശുദ്ധ ജലം ലഭിക്കാതെയോ, ഇതു മൂലമുണ്ടാകുന്ന രോഗത്താലോ മരണമടയുന്നുണ്ട് എന്ന് നാം ടാപ്പ് തിരിയ്ക്കുന്നതിനു മുമ്പ് ഓര്‍ക്കുക. നാം പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഒരാളുടെയെങ്കിലും ജീവന്റെ വില ഉണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും…
ഈ അറിവ് ഒരു ഓര്‍മ്മ പ്പെടുത്തലാണ്… ജലമില്ലെങ്കില്‍ ജീവനില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍..! ഈ ഓർമ്മപ്പെടുത്തൽ ഒന്നും മലയാളിയെ സ്പർശിക്കുന്നില്ല എന്നതാണ് സത്യം പതിനഞ്ചോ ഇരുപതോ രൂപ കൊടുത്താൽ ഒരു ബോട്ടിൽ വെള്ളം കിട്ടുമെങ്കിൽ പിന്നെ ഈ പൊന്നുംവിലയുള്ള ഇടങ്ങൾ എന്തുകൊണ്ട് വിറ്റുകൂടാ! ഈ മനോഗതി നമ്മളിൽ കുടിയേറികഴിഞ്ഞു. ജല സാക്ഷരതയിൽ നാം പിന്നിലേക്ക് തന്നെ എന്ന് പറയേണ്ടി വരും എന്നാലും കടുത്ത വേനൽ വരുമ്പോൾ നാം ഓർക്കും കുടിവെള്ള ക്ഷാമത്തെ പറ്റി, രണ്ടു മഴ പെയ്തു മുങ്ങിയാൽ നാം മഴയെ പഴി പറയും.. 
ഒരു മഴയിൽ മുങ്ങുകയും ഒരു മഴയിൽ വരളുകയും ചെയ്യുന്ന കേരളം ഇന്നിതാ വരണ്ടു ഉണങ്ങുന്നു... 


“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ മനസ് ഇടവപാതി കണ്ടു ശീലിച്ച ഇന്ന്  നമുക്കുണ്ടോ ചിന്തിക്കുക. ഇടവപ്പാതികും വില പറയാൻ പോകുമോ നാം ? 
_________________________________________________
04/ 03 / 2018ൽ  ഗൾഫ് സിറാജ് ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ചത് 

Saturday, 3 March 2018

കാഴ്ച

കുഞ്ഞുകവിത

"കണ്ണു കിടന്ന 
കിണ്ണത്തില്‍ 
കാഴ്ച വെന്തു".


Thursday, 1 March 2018

സാമ്പത്തികനയം

കവിത 

ഞാനും മധുവാണ് 
ആദിവാസിയല്ല 
ഒരാധുനികൻ.
വിശന്നപ്പോൾ 
മോഷ്ടിച്ചിട്ടുണ്ട് 
നിങ്ങൾക്കാർക്കും 
എന്നെ തല്ലിക്കൊല്ലേണ്ടി വരില്ല 
സ്വയം 
തൂങ്ങി ചത്തോളും

Thursday, 22 February 2018

ഓർമ്മമരം
നടുമോ 
എനിക്കായ് 
ഒരു ഓർമ്മമരം 
എനിക്ക് മാത്രം
പൂക്കാൻ
ഒരു മരം

നിനക്കായ്
തണലും
സുഗന്ധവും
നൽകാനൊരു മരം

ആകാശത്തെ
താരമാകുമെനിക്ക്
പൂവായ്
പരകായപ്രവേശം
നടത്താനൊരുമരം
നിന്നിലെ
എൻ ഓർമ്മകളെ
ഊഞ്ഞാലാട്ടൻ
ഒരു മരം
നടുക
എന്റെ വേർപാടിന്റെ
ശൂന്യതയെ
അന്യമാക്കാൻ
ഒരുമരം

Sunday, 18 February 2018

ലളിതമല്ലാത്ത ഉത്തരങ്ങള്‍

കവിത 

കൂര്‍ത്ത ഓരോ നോട്ടവും 
നിന്റെ അധികാരത്തെ 
വരച്ചു കാട്ടുന്നു. 

സ്വപ്നം പോലും
നിന്റെ കുറിപ്പടി-
പ്രകാരം.

കാണുന്നതും 
കേള്‍ക്കുന്നതും
നിനക്ക് വേണ്ടി 
മാത്രം.

മറുവാക്കിന്
നാടുകടത്തും,
പിന്നെ 
ജീവനെടുപ്പും.

ചുട്ടെടുത്തതത്രയും
നിന്റെ അധികാരമെങ്കില്‍
കരികട്ടകളാല്‍
നിറയും ഈ ഭൂമി.

നിന്റെ കൂര്‍ത്ത 
ചോദ്യങ്ങള്‍ക്ക് 
ലളിതമായ
ഉത്തരമേയില്ല. 

2018 ഫെബ്രുവരി ലക്കം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചത് 

Friday, 1 December 2017

ഉള്ളെഴുത്തുകളുടെ പേരുടൽ യാത്രകൾ


  •  
(ധനം എൻ പി യുടെ പേരുടൽ യാത്രകൾ എന്ന പുസ്തകത്തിന്റെ വായനാനുഭവക്കുറുപ്പിനെ ആസ്പദമാക്കി തയ്യാറാക്കിയത് )

അനുഭവങ്ങൾ വായനക്കാരെ കൂടി അനുഭവിപ്പിക്കാൻ പാകത്തിൽ ഉള്ള അക്ഷരക്കൂട്ടാണ്‌ ഈ പുസ്‌തകം വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. അതിനെ അന്വർത്ഥമാകുന്ന തരത്തിലാണ് അവതാരികയിൽ വികെ ശ്രീരാമൻ കുറിച്ചിട്ടുള്ളത്. "എഴുത്തിന്റെ ജന്മദൗത്യങ്ങളിൽ പ്രധാനപ്പെട്ട ഇനങ്ങളിൽ ഒന്നു വായനാസുഖമാണ്, അക്ഷരക്കാടുകളിൽ നിന്നും ഒരു ചെടി ഒരില. ഒരു പൂവ് നമ്മെ തൊട്ടുനോക്കാൻ, വാസനിക്കാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ അതിന്റെ ജന്മം സ്വാർത്ഥകമായി എന്നുതന്നെയാണാർത്ഥം" ഈ പുസ്തകം ആ വായനാ സുഖം തരുന്നു . സത്യത്തിൽ ആര്ക്കാണ് ഭ്രാന്ത് ഉള്ളത്, കുറച്ചുകൂടി കൃത്യമായി ചോദിച്ചാൽ ആർക്കാണ് ഭ്രാന്ത് ഇല്ലാത്തത്, നമ്മുടെ യൊക്കെ ഉള്ളിയിൽ തട്ടുന്ന ഭ്രാന്തരെന്നു സമൂഹം വിളിക്കുന്ന എന്നാൽ നമ്മളെ ഞെട്ടിച്ചുകൊണ്ട് അത്ഭുതപ്പെടുത്തുന്ന പ്രവര്ത്തിയിൽ മുഴുകുന്ന ചിലരെങ്കിലും ഓരോ ഗ്രാമങ്ങളിൽ ഉണ്ടാകും. "എനക്ക് പൈത്യമില്ലൈ" എന്ന് പറയുന്ന അഴകമ്മയും അതുപോലൊരാളാലാണ്, എല്ലായിടത്തും ഒരഴകമ്മ ഉണ്ടാകാം. ഊരും പേരും ഇല്ലാത്ത മലയാളമോ തമിഴോ ചിലപ്പോൾ ഇതൊന്നുമല്ലാത്ത ഒന്നോ സംസാരിക്കുന്ന ആരെങ്കിലും ഒക്കെ നമുക്ക് ചുറ്റും ഉണ്ടാകാം. ആമ്പല്ലൂരിൽ ഉള്ള അഴകമ്മയുടെ വേദന പേറുന്ന ചിത്രമാണ് ആദ്യ അദ്ധ്യായത്തിൽ മനസുടക്കുന്നത്. "എനക്ക് പൈത്യമില്ലൈ " എന്ന് മന്ത്രിച്ചുകൊണ്ട് പാവം മണ്ണിലേക്ക്... ആമ്പല്ലർകാർക്കിടയിൽ ഒരു മുറിപ്പാടായി മാത്രമല്ല എല്ലാവരുടെയും ഉള്ളിൽ ഈ മുറിപ്പാട് ഉണ്ടാകും, ചില അനുഭവങ്ങൾ നാം മനസുകൊണ്ടാണ് കാണുക, അതിൽ ജീവിതത്തിന്റെ പൊടിയുന്ന ചോരത്തുള്ളികൾ നാമറിയാതെ തന്നെ പകർത്തുമ്പോൾ പറ്റിപിടിക്കും എനക്ക് പൈത്യമില്ലൈ എന്ന വിളിച്ചു പറയലുകൾ എന്നും നമ്മളിൽ വേദനയോടെ അലട്ടും ഇത്തരം അഴകമ്മമാരുടെ അഴക് പിരിച്ചെടുത്ത തെരുവുകളിൽ അവർ പിന്നീട് എനക്ക് പൈത്യമില്ലൈ എന്ന് ജീവിതം വീഴും വരെ പറഞ്ഞു നടന്നുകൊണ്ടിരിക്കും ആരാരും കേൾക്കാതെ കേട്ടിട്ടും കേൾക്കാതെ നാമൊക്കെ ഇങ്ങനെ നടക്കും. ചിലരിൽ മാത്രം അതൊരു നെരിപ്പോടായി തുടരും പിന്നെയത് എഴുതാതെ വയ്യ എന്നാകും അത്തരത്തിൽ ഉറഞ്ഞിരിക്കുന്ന വേദന ഈ എഴുത്തിലും കാണാം. 

ലോകത്തെ ഏറ്റവും മഹത്തായ കാര്യം ഏതാണ് എന്ന് ചോദിച്ചാൽ അതിൽ സംശയം വേണ്ട അത് പ്രസവം തന്നെയാണ്. ഏതൊരു ജീവിയുടെയും കാര്യം ഇത് തന്നെ . ഒരു സ്ത്രീ ഗര്ഭവതിയാകുമ്പോഴാണ് ഏറ്റവും സുന്ദരിയാകുന്നത്, അവളുടെ മുഖം തുടുക്കുന്നത്, "ഒരു പെണ്ണുടലിനും അവളുടെ മുള്ളിനും മാത്രം താങ്ങാനും കടക്കാനും കഴിയുന്ന ചിലത് ഈ ഉലകത്തിലുണ്ട്" എന്ന് പറഞ്ഞുകൊണ്ടാണ് ഈ അദ്ധ്യായം തുടങ്ങുന്നത്. പെണ്ണ് അനുഭവിക്കുന്ന വേദന മാത്രമല്ല മാനസികമായ ഒട്ടേറെ പരിവർത്തങ്ങൾക്ക് പ്രസവം വഴിവെക്കുന്നു. ഒരു പുതു ജന്മത്തിനു തുടക്കം കുറിക്കുക എന്നത് എത്ര വലിയ കാര്യമാണ്. ആ പത്ത് മാസം അവരുടെ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ, ഓരോ മാസവും ഉണ്ടാകുന്ന വളർച്ച, അതിന്റെ അസ്വസ്ഥതകൾ, ഉള്ളിൽ നിറഞ്ഞുകൊണ്ടിരിക്കുന്ന മാതൃസ്നേഹം ഇങ്ങനെ ഓരോ സ്ത്രീയും ഓരോ ലോകമായി മാറുന്ന അവസ്ഥയല്ലേ ഗര്ഭസ്ഥകാലം? \"എത്ര കരഞ്ഞാലും പിഴിഞ്ഞാലും നിശ്ശൂനമാകാതെ ഉള്ളിലുയിർക്കുന്ന ഒരു ഞാനുണ്ട്. മറ്റാർക്കും എന്നെ വിട്ടുകൊടുക്കില്ലെന്ന കൗശികന്റെ അഹങ്കാരം. മരിച്ച കുഞ്ഞിനെ പ്രസവിച്ചപ്പോഴും ഞാൻ അതിലാണ് ഉയിർത്തത്\" ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഒരമ്മയുടെ വേദനയും ഒപ്പം അതിനെ അതിജീവിച്ച ധൈര്യവും ഈ വരികളിൽ കാണാം. ജീവൻറെ വേദന കടിച്ചിറക്കിയ അനുഭവം ഈ അക്ഷരങ്ങളിലൂടെ വായനക്കാരിലും പടരുന്നു. ഇത്തരം വിഷയങ്ങൾ പൊതുവേ സങ്കടങ്ങളായി കണ്ണീരിൽ ലയിച്ചു മാഞ്ഞുപോകാറാണ് പതിവെങ്കിൽ ഇതിവിടെ മാറ്റിമറിക്കുന്നു. ഏവർക്കും ഈ അനുഭവം വായിക്കുമ്പോൾ ഉള്ളൊന്നു പിടക്കുന്ന, എന്നാൽ "ഇതുപോലെ അനുഭവിച്ചെണീറ്റ അമ്മമാർ നിരവധിയുണ്ടാവാം" എന്ന് ലളിതമായി പറഞ്ഞു ഒരു നുറുങ്ങു നോവാക്കുകയാണ് ഇവിടെ.

"എന്റെ നാട്ടിലെ പുഴയാണ് എന്റെ മനസിലെ പുഴ മനസ്സിനെ ഹരിതാഭമാക്കിയ ആദ്യ പുഴ" പുഴ എല്ലാവരുടെയും ഗൃഹാതുരത്വമാണ് അന്നൊക്കെ കണ്ട പുഴകളിന്നെവിടെ എന്നൊക്കെ ചോദിച്ചാൽ പേരാറും പെരിയാറും കണ്ണീർച്ചാലായ് മാറിയെന്ന സത്യം വേദനയോടെ ഓർക്കും നിളയോട് ഓരോരുത്തർക്കും ഓരോ തരാം കുശുമ്പാണ് അത് തീര്ത്താലും തീരില്ല അത്തരം കുശുമ്പും കുട്ടിക്കാലത്ത് മനസിലൊഴുകിയ പുഴയുടെ നിർവൃതിയിൽ മനസ് നിറയ്ക്കുന്നു. മഴപെയ്താൽ പുഴയറിയും മനസും

ഒരു പേരിലെന്തിരിക്കുന്നു എന്ന നാടൻ ചോദ്യമുണ്ട്, പേരുകൾ നമ്മുടെ തന്നെയാണ് എങ്കിലും നാം ഓരോരുത്തരും നമ്മുടെ ഇഷ്ടത്തിന് തെരെഞ്ഞെടുത്ത ഒരു പെരുമായല്ല നാം ജീവിക്കുന്നത് എന്നാൽ ആ പേരിലേക്ക് നാം മെല്ലെ മെല്ലെ ലയിച്ചു ചേരുകയായിരുന്നു "ഹൃദയത്തെ തൊട്ടുണർത്തുന്ന ഒന്നാണ് പേരെന്ന്" ചിന്തിക്കുന്നവരിലേക്ക് കൂടുതൽ പേരും വന്നു ചേരുന്നു, ചിലരത് സഹിച്ചും, ചിലർ താലോലിച്ചും പേരിനെ ഒപ്പം കൂട്ടുന്നു "പേരും ഉടലുമായി യാത്ര തുടരുമ്പോൾ 'എന്റെ പേര് മാത്രം' എന്ന ചിന്തയിൽ നമ്മൾ കുടുങ്ങുന്നു. ഒരേ പേരുള്ളവരോട് അടുപ്പം പേരറിയാൻ ആളറിയാൻ ഔൽസുക്യാം, തന്റെ പേരു മറ്റാർക്കില്ലാത്തതെന്ന് ഊറ്റം." ഇങ്ങനെ ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യത്തിൽ നാമൊക്കെ ഒതുക്കി പേരിനെ വിട്ടുകളയുകയും അതൊന്നുമല്ലാത്ത തലത്തിലേക്ക് പേരിനെ പറ്റിയുള്ള ചിന്ത വളർത്തുകയുമാണ് പേരുടൽ യാത്രകൾ എന്ന അദ്ധ്യായം 

ഉള്ളുപൊള്ളിക്കുന്ന ഇങ്ങനെയൊരു പ്രണയിനി, പുത്തൻ പുസ്തകത്തിനായി കാത്തിരിക്കുന്ന കുട്ടി വിദ്യാലയത്തിലേക്ക് നടന്നു പോകുകയും വീട്ടിലേക്ക് ഓടിപോകുകയും ചെയ്യുന്നു എന്ന നിരീക്ഷണം അധ്യാപികയുടെ മനസിലൂടെ കടത്തിവിടുന്ന നിരീക്ഷണങ്ങൾ ആണ് പുത്തൻ പുസ്തകമണത്തിനായി കാത്തിരിക്കുന്നു എന്ന അദ്ധ്യായം. വീട്ടാനുള്ള വീടുകൾ, സ്വപ്നേപി, ക്‌ളാസ് മുറിയിലെ രവിവർമ്മച്ചിത്രം, കാരിരുമ്പിന്റെ കരുത്തും പൂവിന്റെ സൗമ്യതയും, ആമ്പൽപ്പൂവിൽ പാദമൂന്നിനിന്നു കന്നിനിലാവൊളി, ഹേ! ഗന്ധമോഹിനി; ധരിത്രി, തൊട്ടുനോക്കട്ടെ കൈപൊള്ളുമോ?, നിന്റെ വിളി കേൾക്കാൻ എന്റെ കാതു നീളുന്നു..., പറയാമോ രുചിഭേദങ്ങൾ, കർപ്പൂരദീപങ്ങളാവട്ടെ കണ്ണുകൾ. തുടങ്ങിയ മറ്റു അധ്യായങ്ങളും ഓരോന്നും വ്യത്യസ്‌ത അനുഭവങ്ങലാണ് പകർന്നു തരുന്നത്. വെറുതെ ഒന്നും വിട്ടുകളാണുളളതല്ല എല്ലാത്തിലും എന്തെങ്കിലും ഉണ്ട് എന്ന നിരീക്ഷണം ലേഖിക സ്വീകരിക്കുന്നു നാമൊക്കെ വിട്ടുകളയുന്ന ചെറിയകാര്യങ്ങളിൽ നിന്നും വലിയ നിരീക്ഷണങ്ങളിലേക്ക് വളര്ത്ത് അങ്ങിനെയാണ്. ഒരു ക്‌ളാസിൽ കൊച്ചുകുട്ടിയായി വായിക്കുമ്പോൾ ലളിതമായി ഇക്കാര്യങ്ങൾ പറഞ്ഞുതരുന്ന ഒരധ്യാപികയെ നമുക്കീ പുസ്തകത്തിൽ കാണാം. മനസ്സിൽ പച്ച നിറച്ച പ്രകൃതിയെ തലോടിക്കൊണ്ട് ഇടവഴിയിലൂടെ ഇലത്തലപ്പുകളിൽ സ്നേഹത്താൽ തൊട്ട് പൂക്കളിൽ തലോടി ക്‌ളാസിൽ എത്തുന്ന ടീച്ചർ, ടീച്ചറുടെ കഥ കാത്തിരിക്കുന്ന കുട്ടികളായി വായനക്കാർ മാറുന്നു. ഈ വായനാ സുഖമാണ് പേരുടൽയാത്രകൾ എന്ന പുസ്തകത്തെ നമ്മോട് അടുപ്പിക്കുന്നത്. ജീവിതത്തിന്റെ നഗ്നവിശുദ്ധികളിൽ നിന്നാണ് ഉള്ളെഴുത്തുകൾ ഉയിരെടുക്കുന്നതെന്ന് ഈ പുസ്തകം പറയുന്നു, വികെ ശ്രീരാമന്റെ പുസ്തകത്തിന്റെ ഉള്ളു തൊട്ടറിഞ്ഞ അവതാരികയും കവിയായ റഫീഖ് അഹമ്മദിന്റെ വരയും പുസ്തകത്തേ നമ്മോട് കൂടുതൽ അടുപ്പിക്കും. നേരിന്റെ ലളിതമായ അനുഭവ തലത്തിലേക്ക് നടന്നു പോകുന്ന ഈ എഴുത്തിലും എഴുത്തുകാരിയിലും വായനക്കാർ പ്രതീക്ഷ വെച്ചുപുലർത്തിയാൽ അതൊരു അതിശയോക്തിയാകില്ല.
------------------
കണ്ണാടി വെബ് മാഗസിനിൽ വന്നത് 2017 ദിവസമ്പർ 
http://kannadimagazine.com/index.php?article=90#

Friday, 17 November 2017

ലത പോയി, പുഴ കരയുന്നു

ഓർമ്മ 

ഡോ. എ.  ലത ഇനി ഓർമ്മയിൽ ഒഴുകും 


പുഴയ്ക്കും ജീവനുണ്ട് അതുകൊണ്ട് തന്നെ പുഴ ഇല്ലാതാവുന്നത് ജീവൻ തന്നെ ഇല്ലാതാവുന്നതിന് തുല്യമാണ്. ലത എന്ന ഞങ്ങളുടെ ലതേച്ചിയും അതുപോലെ തന്നെ. പുഴപോലെ ഒരു  ജീവൻ, പുഴക്ക് വേണ്ടി ഒരു ജീവിതം, സമരപാതയിൽ പുഴയുടെ ജീവൻ നിലനിർത്താൻ നിരന്തരം ശബ്ദിച്ചു, വെറുതെ ഒച്ചവെക്കൽ മാത്രമല്ല അതിന്റെ കാര്യകാരണങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ട് യുക്തിപൂർവം, സർക്കാരിനോടും ജനങ്ങളോടും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു ചാലക്കുടി പുഴയുടെ ഒഴുകുന്ന കളകള  ശബ്ദമിപ്പോൾ കരച്ചിലായി മാറിയിട്ടുണ്ടാകും അത്രമാത്രം ഒന്നായിരുന്നു ആ പുഴയും  ലതേച്ചിയും. 
ലതേച്ചിയെ ആദ്യമായി കാണുന്നത് പാത്രക്കടവ് പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ ഒന്നായി എത്തിയപ്പോൾ ആയിരുന്നു. നാട്ടുകാർ ഒന്നടങ്കം പദ്ധതി വേണമെന്ന വാശിയിൽ ആരോ പറഞ്ഞുപഠിപ്പിച്ച വാക്കുകൾ തുപ്പി ഞങ്ങൾക്ക് നേരെ കുതിച്ചു വന്നു. കേരളത്തിന്റെ പലദിക്കിൽ നിന്നും സൈലന്റ് വാലിയെന്ന പച്ചത്തുരുത്തിനെയും കൊല്ലാൻ ഒരുങ്ങുന്നു എന്ന് കേട്ടറിഞ്ഞു ഓടിയെത്തിയവർ, സുഗതകുമാരി ടീച്ചർ അടക്കം നിരവധി പേര്. ജനക്കൂട്ടം വൈകാരികമായി കാര്യങ്ങളെ കണ്ടു. സ്റ്റേജിൽ ഇരിക്കുന്ന സുഗതകുമാരി ടീച്ചറെ വലിച്ചിടാൻ നോക്കി അപ്പോഴതാ കൂട്ടത്തിൽ നിന്നും ശക്തമായ ഒരു പെൺശബ്ദം.... "അമ്മയോളം പ്രായമുള്ള ടീച്ചറെ ആരാടാ തൊടുന്നത്" കളക്ടറും പോലീസും ഒക്കെ ഉള്ള വേദി അന്നാണ് ഞാൻ ലതേച്ചിയെ ആദ്യമായി നേരിൽ കണ്ടത്. അന്ന് മണ്ണാർക്കാട് ഗസ്റ്റ് ഹൌസിൽ  വെച്ച് നടന്ന സമരകൂടിയാലോചന യോഗം. അവിടെയും ലതേച്ചി ശക്തമായി പറഞ്ഞുകൊണ്ടിരുന്നു. അന്ന് പരിചയപെട്ടപ്പോൾ അതിരപ്പള്ളി പദ്ധതിയെ സമരത്തെ പറ്റി  പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ലതേച്ചിയെ കാണാൻ  ചെന്നു  അതിരപ്പള്ളി പദ്ധതിയെ പറ്റി എഴുതിയ ലേഖനങ്ങൾ തന്നു. പിന്നെ  ഏറെ കാലം അതിരപ്പള്ളി പദ്ധതി ചർച്ചകൾ നടന്നു ഞാൻ എഴുതിയ പഠനത്തിന് ഫോറസ്റ്റ് പ്രൊട്ടക്ടീവ് അസോസിയേഷന്റെ പ്രഥമ പുരസ്‌കാരം ലഭിച്ചതറിഞ്ഞു ലതേച്ചിയാണ് ആദ്യം എന്നെ വിളിച്ചത്. നാട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും പാലക്കാട് പുരസ്‌കാരം വാങ്ങുന്ന ചടങ്ങിൽ എത്തും ഫൈസലെ എന്ന് പറഞ്ഞു, അന്ന്  ചേച്ചിക്ക് എത്താൻ പറ്റിയില്ല,   അന്നുതന്നെ ഞാൻ ഗൾഫിലേക്ക് പോരുകയും  ചെയ്തു.  
അതിരപ്പള്ളി പഠനത്തിന് എന്നെ ലതേച്ചി  ഏറെ സഹായിച്ചിരുന്നു. ആ പഠനത്തിനാണ് പുരസ്ക്കാരം കിട്ടിയത് എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചു, ചേച്ചി അക്കാര്യം വിളിച്ചു പറയുകയും ചെയ്തു 
ലതേച്ചിയില്ലാത്ത നാളുകൾ വലിയ ശൂന്യത നൽകുന്നു. സമരത്തിന് ഒരു ദിശാബോധം നൽകാൻ ഏറെ സഹായിച്ച ഒരാൾ എന്ന നിലയിൽ സമരത്തോടൊപ്പം നിന്നവർക്കും അതിരപ്പള്ളി നിവാസികൾക്കും ആദിവാസികൾക്കും അവർ സ്നേഹപൂർവ്വം ലതാ മേഡം എന്ന് വിളിക്കുന്ന ലതേച്ചിയുടെ വിയോഗം വലിയ ശൂന്യത ഉണ്ടാകും എന്നതിൽ സംശയം ഇല്ല. ഇനി ലത എന്നാൽ പുഴയുടെ കരച്ചിലാണ്.... 
ഈ വിട വാങ്ങൽ പുഴയോളം  വേദന ബാക്കിവെക്കുന്നു,